ഇസ്ലാമാബാദ്: യുഎസും ഇറാനും തമ്മിൽ വെടിനിർത്താൻ ധാരണയായതായി സൂചന. 60 ദിവസത്തിനുള്ളിൽ ധാരണാപത്രം ഒപ്പിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
ലബനനും ഇസ്രയേലും തമ്മിൽ പത്തു ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ യുഎസും ഇറാനും തമ്മിൽ വൈകാതെ സമാധാന കരാർ ഒപ്പുവയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേസമയം താൽക്കാലിക വെടിനിർത്തൽ ആഹ്വാനം അംഗീകരിക്കില്ലെന്ന് ഇറാൻ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖാതിബ്സാദേ പറഞ്ഞു. ശാശ്വത വെടിനിർത്തലാണ് വേണ്ടത്. ഹോർമുസ് കടലിടുക്ക് ആക്രമണങ്ങൾക്ക് മുൻപ് തുറന്നുതന്നെയാണ് കിടന്നത്.
ഇറാന്റെ സമുദ്രാതിർത്തിക്കുള്ളിലാണ് ഹോർമുസ്. ഇസ്രയേലിന്റെയും യുഎസിന്റെയും പ്രകോപനങ്ങളാണ് രാജ്യന്തര വ്യാപാരപ്പാതയെ നിശ്ചലാവസ്ഥയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.